കുവൈത്ത് സിറ്റി:ജാബർ സ്‌റ്റേഡിയം കുവൈത്ത് അമീർ ഷെയ്‌ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാഷ്‌ട്രത്തിനു സമർപ്പിച്ചു.കുവൈത്തിന്റെ അഭിമാനനിമിഷത്തിനു സാക്ഷികളാകാൻ ഇന്നലെ ഉച്ചയോടെ തന്നെ സ്‌റ്റേഡിയത്തിലേക്ക് ആളുകള്‍ എത്തി തുടങ്ങിയിരുന്നു.60,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേളയില്‍ സ്വദേശി–വിദേശി ഭേദമെന്യെ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
ജാബർ സ്‌റ്റേഡിയം പണി കഴിഞ്ഞിട്ട് നാളുകളായെങ്കിലും സാങ്കേതികമായ പല കാരണങ്ങളാൽ ഉദ്‌ഘാടനം നീണ്ടു പോകുകയായിരുന്നു.അതിനിടെയാണ് സർക്കാർ സ്‌റ്റേഡിയത്തിന്റെ ഉദ്‌ഘാടനതീയതി പ്രഖ്യാപിച്ചത്.ശക്തമായ സുരക്ഷാ ക്രമീകരണമാണ് ജാബർ സ്‌റ്റേഡിയം ഉദ്‌ഘാടനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്നത്. വിവിധ സുരക്ഷാവിഭാഗങ്ങളെ ഉൾപ്പെടുത്തി ദിവസങ്ങളായി പരിശീലനവും പരിശോധനയും പൂർത്തീകരിച്ചിരുന്നു.കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ഖാലിദ് അൽ സബാഹ് നേരിട്ടെത്തി സുരക്ഷാക്രമീകരണം നേതൃത്വം നല്‍കി. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌റ്റേഡിയത്തില്‍ വെടിക്കെട്ടിന്‍റെ വർണക്കാഴ്‌ചയും സംഘാടകര്‍ ഒരുക്കിയിരുന്നു.തുടര്‍ന്ന് ലോകം കണ്ട മികച്ച കളിക്കാര്‍ ഉള്‍പ്പെട്ട രാജ്യാന്തര ടീമും, കുവൈത്ത് ടീമും ഉള്‍പ്പെട്ട ഫുട്ബാള്‍ മത്സരവും നടന്നു