കുവൈത്ത് സിറ്റി :മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും എം.പി.യുമായ ഇ.ടി. മുഹമ്മദ് ബഷീര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് നേതാവ് സിദ്ദിഖലി രാങ്ങാട്ടൂര്‍ എന്നിവര്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിനുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് കെ.എം.സി.സി. അബ്ബാസിയയിലെ പാക്കിസ്ഥാന്‍ ഇംഗ്ലീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ കാരുണ്യം 2015 മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയതായിരുന്നു മൂവരും. സ്നേഹോഷ്മളമായ സ്വീകരണമാണ് സ്ഥാനപതി നല്‍കിയത്. കുവൈത്തിലെ ഇന്ത്യക്കാരെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളും കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധവും ചര്‍ച്ച ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളേയും ഗാര്‍ഹികത്തൊഴിലാളികളേയും സംബന്ധിച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രത്യേകം അന്വേഷിച്ചറിയുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്തു. മറ്റു പല രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും നടത്തിയ സന്ദര്‍ശനത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളും ബന്ധപ്പെട്ട വിഷയത്തില്‍ തന്‍റെ ഇടപെടലുകളും ഇ.ടി. വിശദീകരിച്ചു. വിദേശ ഇന്ത്യക്കാരുടെ കാര്യത്തില്‍ ദേശീയ തലത്തിലും അന്താരാഷ്ട്രതലത്തിലും തന്‍റെ ഉത്തരവാദിത്വം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്നു ഇ.ടി. പറഞ്ഞു. കുവൈത്തിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു എംബസി നടത്തുന്ന പ്രവര്‍ത്തനങ്ങളും കുവൈത്ത് അധികൃതരുമായുള്ള തന്‍റെ ഇടപെടലുകളും ശുഭസൂചനകള്‍ നല്‍കുന്നുണ്ടെന്നും സ്ഥാനപതി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും എംബസിക്ക് സഹായകരമാകുന്നുണ്ടെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു. കുവൈത്ത് കെ.എം.സി.സി. പ്രസിഡന്‍റും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ ഷറഫുദ്ധീന്‍ കണ്ണോത്ത്, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, ട്രഷറര്‍ എച്ച്. ഇബ്രാഹിംകുട്ടി, കെ.എം.സി.സി. ഖൈതാന്‍ ഏരിയ ജനറല്‍ സെക്രട്ടറി എം.ആര്‍. നാസര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.