കുവൈത്ത് സിറ്റി:രിസാല സറ്റ്ഡി സര്‍ക്കിള്‍ ഏഴാമത് ദേശീയ സാഹിത്യോല്‍സവ് നവംബര്‍ 13 വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്ഥാന്‍ സ്കൂളില്‍ നടക്കും. കുവൈത്തിലെ നാല് സോണുകളില്‍ നിന്നായി 300 പ്രതിഭകള്‍ 49 കലാസാഹിത്യ ഇനങ്ങളില്‍ മല്‍സരിക്കുന്ന പ്രവാസി ലോകത്തെ വലിയ പൈതൃക കലാമേളയാണ് സാഹിത്യോല്‍സവ്. രാവിലെ 8ന് ആരംഭിക്കുന്ന ഉദ്ഘാടനസംഗമത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.മാപ്പിളപ്പാട്ട്, സംഘഗാനം, മദ്ഹ് ഗാനം, കഥ പറയല്‍, ഭാഷാപ്രസംഗം, ജലഛായം, കഥ-കവിത രചനകള്‍, ലാംഗ്വേജ് ഗെയിം, ഗണിതകേളി, ദഫ്, മൗലിദ് പാരായണം, മാഗസിന്‍ നിര്‍മ്മാണം, വിഷ്വല്‍ ഡോക്യുമെന്‍ററി തുടങ്ങിയ മത്സരങ്ങള്‍, പ്രൈമറി, ജൂനിയര്‍, സെക്കന്‍ററി, സീനിയര്‍, ജനറല്‍, വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നാലുവേദികളിലാണ് സാഹിത്യോത്സവ് കലാ മത്സരങ്ങള്‍ അരങ്ങേറുക. ജലീബ്, ഫര്‍വാനിയ, സിറ്റി, ഫഹാഹീല്‍ എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുക. തനതു മാപ്പിളകലയുടെ പുനരാവിഷ്ക്കാരങ്ങള്‍ ഉച്ചതിരിഞ്ഞ് 3.30 മുതല്‍ പ്രധാനവേദികളില്‍ അരങ്ങേറും.
സെപ്തംബര്‍ പകുതിയ്ക്ക് തുടക്കമായ സാഹിത്യോല്‍സവ് യൂണിറ്റ്, സോണ്‍ തലങ്ങളിലായി 28 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദേശീയമത്സരം സംഘടിപ്പിക്കുന്നത്. പ്രവാസലോകത്തെ കലാ ആസ്വാദകര്‍ക്ക് പൈതൃക കലാരൂപങ്ങളെ നേരില്‍ ആസ്വദിക്കുന്നതിനായി പകല്‍ മുഴുവന്‍ അവസരം സൃഷ്ടിച്ചാണ് പ്രാദേശികതലത്തിലും ദേശീയതലത്തിലും സാഹിത്യോത്സവുകള്‍ക്ക് വേദിയുണരുന്നത്. ആറ് വര്‍ഷമായി ഗള്‍ഫ് നാടുകളില്‍ ആര്‍ എസ് സി വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന സാംസ്കാരിക ബദല്‍ അരങ്ങായി സാഹിത്യോത്സവുകള്‍ മാറിയിട്ടുണ്ട്.സാഹിത്യോത്സവിനുള്ള തയ്യാറെടുപ്പുകള്‍ സംഘാടകസമിതി ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാഹിത്യോത്സവ് പരിപാടികള്‍ ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമത്തില്‍ സാമൂഹിക, സാംസ്കാരികവ്യക്തിത്വങ്ങള്‍ പങ്കെടുക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍ മുഖ്യാതിഥി ആയിരിക്കും.